പത്തനംതിട്ട: ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. ഇന്നലെ(20.09.2022) മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്. നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും.
തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്‍റെ വീടിന്‍റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായിരുന്നു നായ.
അവശനിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തതിൽ വിദഗ്‌ധരായ യുവാക്കൾ എത്തിയാണ് ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയ നായയെ മയക്കുമരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.