പത്തനംതിട്ട: പിടികിട്ടാപുള്ളി സുകുമാരകുറുപ്പിനെ ഗുജറാത്തിൽ കണ്ടുവെന്ന സംശയം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് 38 വര്‍ഷമായി അന്വേഷിക്കുന്ന പ്രതി സുകുമാര കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വര്‍ഷം മുൻപ് അദ്ദേഹവുമായി ഒരു മാസത്തോളം ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സിം ഇസ്‌മയിലിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
റെന്‍സിമിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
2007ല്‍ ഗുജറാത്തിലെ ഈഡര്‍ സദാപുരയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തില്‍ സുകുമാര കുറുപ്പ് താമസിച്ചിരുന്നത്. താന്‍ അന്ന് അവിടെ സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കുകയായിരുന്നു. താമസ സ്ഥലത്തിനടുത്തുള്ള ചായകടയിൽ ചായ കുടിക്കാൻ എത്തുമ്പോഴാണ് മലയാളി വേഷത്തില്‍ എത്തിയ സന്യാസിയെ കണ്ടത്.
മലയാളിയാണെന്നറിഞ്ഞാണ് പരിചയപ്പെട്ടത്. ശങ്കര ഗിരിഗിരി എന്നാണ് പേര് പറഞ്ഞത്. കൂടുതൽ അടുപ്പത്തിലായതോടെ ഇദ്ദേഹം താൻ താമസിക്കുന്ന മുറിയിൽ എത്തിയിരുന്നുവെന്നും റെൻസിം പറഞ്ഞു. അങ്ങനെ ഇരുവരും അടുത്ത സുഹൃത്തുക്കളായി.
സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ച ശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരി എന്നാണ് പറഞ്ഞത്.
എന്തോ ആവശ്യത്തിന് മറ്റൊരിടത്ത് പോകണമെന്നും കുറച്ചു പൈസ ആവശ്യമുണ്ടെന്നും പറഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തിന് റെൻസിം പണം നൽകുകയും ചെയ്‌തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചു വരാതായത്തോടെ റെൻസിം അടുത്തുള്ള ആശ്രമത്തിൽ അന്വേഷിച്ചു.
യാത്രപോയിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ബാഗ് ഇവിടെ ഇരിയ്ക്കുകയാണെന്നും ആശ്രമത്തിൽ ഉള്ളവർ അറിയിച്ചു. എന്നാൽ പിന്നെയും ഇദ്ദേഹം മടങ്ങി വരാത്തായത്തിനെ തുടർന്നു വീണ്ടും റെൻസിം ആശ്രമത്തിൽ എത്തി അന്വേഷിച്ചു. എന്നാല്‍ ബാഗ് പരിശോധിച്ചപ്പോൾ അതിൽ ഒന്നുമുണ്ടായിരുന്നില്ല. അവിടെ നിന്നും പോയതാണെന്ന് ഇതോടെ മനസിലായി. പിന്നീട് റോഡരികിലെ കടയിൽ ഇരിക്കുമ്പോൾ ഒരു ഇരുചക്ര വാഹനത്തിന്‍റെ പുറകിലിരുന്ന് അദ്ദേഹം പോകുന്നത് കണ്ടതയും റെൻസിം പറയുന്നു.
ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോ നോക്കിയപ്പോള്‍ താന്‍ കണ്ട സ്വാമിയുടെ അതേ മുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി ആശ്രമത്തിൽ ഉൾപ്പെടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെ നിന്ന് ബെംഗളൂരുവിലേക്കെന്ന് പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരണങ്ങളെപ്പറ്റിയുള്ള ഒരു ബ്ളോഗിലെ വീഡിയാേയില്‍ വീണ്ടും ആ സന്യാസിയെ കണ്ടതോടെ ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണത്തിന് തയ്യാറായത്. ക്രൈംബ്രാഞ്ച് സംഘത്തിന് റെന്‍സിം തെളിവുകള്‍ കൈമാറിയിട്ടുണ്ട്. തെളിവുകൾ സംബന്ധിച്ച് പരിശോധന നടത്തി അന്വേഷണസംഘം ഗുജറാത്തിലേക്ക് പോകും.
Also Read: പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ
നാട്ടിലെത്തി ആലപ്പുഴ എസ്‌പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ല്‍ ബിവറേജസില്‍ ജോലി കിട്ടിയതിനെ തുടര്‍ന്നാണ് റെന്‍സിം നാട്ടിലേക്ക് മടങ്ങിയത്. ചാക്കോ വധക്കേസില്‍ 1984 ജനുവരി 21ന് മാവേലിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.