പത്തനംതിട്ട: സഹപാഠികൾക്കൊപ്പം മണിമലയാറ്റിലെ കടവിൽ കാൽകഴുകാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരാളെ സഹപാഠികൾ രക്ഷപെടുത്തി. കൊമ്പാടി സാബു ഏബ്രഹാം - ലില്ലിക്കുട്ടി ദമ്പതികളുടെ ഏക മകനും ഇരുവെള്ളിപ്പറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയുമായ ആഷിൽ( 14 ) ആണ് മരിച്ചത്.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കടവിൽ നിൽക്കെ കാൽ വഴുതി ആഷിൽ നദിയിലേക്ക് വീഴുകയായിരുന്നു. ആഷിൽ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം കൂട്ടി. നാട്ടുകാരിൽ ചിലർ ചേർന്ന് നദിയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ അഞ്ചരയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മരിച്ച ആഷിലിന്റെ പിതാവ് സാബു ഏബ്രഹാം തിരുവല്ല വാട്ടർ അതോറിറ്റി ഓഫീസിലെ പമ്പ് ഓപ്പറേറ്ററാണ്.