പത്തനംതിട്ട: അടൂർ കൊടുമണിൽ ജെസിബിയുടെ കൈ ബൈക്കിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. തേപ്പുപാറ എസ്‌എന്‍ഐടി എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഏഴംകുളം ആറുകാലിക്കല്‍ ഈസ്റ്റ് പുളിമൂട്ടില്‍ വടക്കേതില്‍ അംജിത് മണിക്കുട്ടന്‍ (20) ആണ് മരിച്ചത്. അംജിത്തിനൊപ്പം ബൈക്കിന് പിന്നിലിരുന്ന സഹപാഠി എ നിതിന് (19) ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്‌ച രാവിലെ അടൂര്‍-തേപ്പുപാറ-പുതുമല റോഡില്‍ എസ്‌എന്‍ഐടി കോളജിന് സമീപമായിരുന്നു അപകടം. വിദ്യാർഥികൾ കോളജിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. കൊടുമൺ പഞ്ചായത്തിന്‍റെ ജല്‍ജീവന്‍ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡരികിൽ പൈപ്പിടാൻ കുഴിയെടുക്കുകയായിരുന്ന ജെസിബിയുടെ കൈ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു.
അപകടത്തിൽ അംജിത്തിന്‍റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദ്യാർഥിയെ ഉടൻ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നിതിൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.