പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ 2935 കുടുംബങ്ങള്‍ക്ക് പുതിയതായി കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ. ജലജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി 452.63 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതികളില്‍ നിന്നാണ് പുതിയ കണക്ഷന്‍ നല്‍കുക.
ചിറ്റാര്‍ പഞ്ചായത്തിലെ 200 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. ഇതിനായി 28.97 ലക്ഷം വകയിരുത്തി. മൈലപ്ര പഞ്ചായത്തിലെ 35 കുടുംബങ്ങള്‍ക്ക് 12.03 ലക്ഷവും വള്ളിക്കോട് പഞ്ചായത്തിലെ 550 കുടുംബങ്ങള്‍ക്ക് 81.93 ലക്ഷവും പ്രമാടം പഞ്ചായത്തിലെ 500 കുടുംബങ്ങള്‍ക്ക് 74.11 ലക്ഷവും കോന്നി പഞ്ചായത്തിലെ 400 കുടുംബങ്ങള്‍ക്ക് 66.69 ലക്ഷവും വകയിരുത്തി. കൂടാതെ അരുവാപ്പുലം പഞ്ചായത്തില്‍ 550 കുടുംബങ്ങള്‍ക്ക് 83.57 ലക്ഷവും മലയാലപ്പുഴയില്‍ 250 കുടുംബങ്ങള്‍ക്ക് 39.06 ലക്ഷവും തണ്ണിത്തോട് പഞ്ചായത്തില്‍ 200 കുടുംബങ്ങള്‍ക്ക് 31.37 ലക്ഷവും ഏനാദിമംഗലത്ത് 250 കുടുംബങ്ങള്‍ക്ക് 39.96 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. ആകെ പദ്ധതി ചെലവിന്‍റെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഫണ്ട് ഇതിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്തൃവിഹിതം 10 ശതമാനമാണ്.
ബജറ്റില്‍ അനുവദിച്ച 400 കോടിയുടെ പുതിയ സമഗ്ര കുടിവെള്ള പദ്ധതിയും നടപ്പാക്കാനുള്ള നടപടികള്‍ മുന്നോട്ട് പോകുകയാണ്. നിലവില്‍ കുടിവെള്ള പദ്ധതികളില്ലാത്ത കലഞ്ഞൂര്‍, സീതത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 11 പഞ്ചായത്തുകളില്‍ ഇതോടെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു.