പത്തനംതിട്ട: സാമൂഹ്യ മാധ്യമം വഴി ആളെ കണ്ടെത്തി വ്യാജ ചാരായ വിൽപന നടത്തിവന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 16 ലിറ്റർ ചാരായവും പിടിച്ചെടുത്തു. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന, ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയില്‍ വീട്ടില്‍ ഷിബു മാത്യു (37), പാലക്കാട് കണ്ണപ്ര വളയം വീട്ടില്‍ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്.
ലോക്ക്ഡൗണില്‍ 'കോംബോ ഓഫർ'
സാമൂഹ്യ മാധ്യമം വഴി ഏനാത്ത് സ്വദേശി ഓർഡർ ചെയ്ത ചാരായവുമായി പാലായിൽ നിന്നും മോട്ടോർ സൈക്കിളിൽ വരുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തി വന്നത്. ഓർഡർ ലഭിച്ചാൽ ചാരായം ആവശ്യക്കാർ പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകും. ലോക്ക്ഡൗൺ മുതലെടുത്ത് കോംബോ ഓഫർ നൽകിയായിരുന്നു ചാരായ വിൽപന കൊഴുപ്പിച്ചു വന്നത്.
15 ലിറ്റര്‍ ചാരായം ഒന്നിച്ച് വാങ്ങിയാൽ ലിറ്ററിന് 400 രൂപയ്ക്ക് ലഭിക്കും. അല്ലെങ്കില്‍ ലിറ്ററിന് 700 രൂപ നൽകണം ഇത്തരത്തിൽ മെസഞ്ചർ വഴി ഏനാത്ത് സ്വദേശി 16 ലിറ്റർ ചാരായമാണ് ഓർഡർ ചെയ്തത്. ചാരായം ഓർഡർ ചെയ്ത ശേഷം, വിവരങ്ങൾ ഇയാൾ ഏനാത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് ഇവർക്കായി പഴുതടച്ചു വലവിരിച്ചു.
പ്രതികളെ റിമാന്‍ഡ് ചെയ്തു
ചാരായവുമായി പാലായിൽ നിന്നും തിരിച്ച ഇവർ എം.സി റോഡ് വഴി തിങ്കളാഴ്ച രാത്രി ഏനാത്ത് എത്തിയപ്പോഴാണ് ഏനാത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ലോക്ക്ഡൗൺ മറവിൽ ഇവർ നടത്തിയ വ്യാജ ചാരായ വില്പന സംബന്ധിച്ചും ഇവര്‍ നിയമപ്രകാരം വിവാഹിതരാണോ എന്ന കാര്യവും ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: Covid 19 : മെഗാ ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി