പത്തനംതിട്ട: റാന്നി കോട്ടാങ്ങലില്‍ സെന്‍റ് മേരീസ് സ്‌കൂളിലെ വിദ്യാർഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ സ്റ്റിക്കര്‍ പതിപ്പിച്ച് എസ്‌ഡിപിഐ പ്രവർത്തകർ. 1992ൽ ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബാബറി ദിനമായാണ് ഡിസംബര്‍ ആറ് ആചരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സ്‌കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിച്ചെന്നാണ് ആരോപണം.
കുട്ടികളില്‍ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പ്രവർത്തകർ ബലം പ്രയോഗിച്ച് സ്റ്റിക്കര്‍ പതിപ്പിച്ചുവെന്നാണ് ഉയരുന്ന പരാതി. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്‌ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസോ സര്‍ക്കാരോ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തു വന്നു.
എസ്‌പിയോട് റിപ്പോർട്ട് തേടി ദേശീയ ബാലാവകാശ കമ്മിഷന്‍
വിഷയത്തിൽ നടപടിയുമായി ദേശീയ ബാലാവകാശ കമ്മിഷന്‍ രംഗത്തെത്തി. സംഭവത്തില്‍ പത്തനംതിട്ട എസ്‌പിയോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മിഷന്‍ ചെയര്‍മാൻ പ്രിയങ്ക് കനൂങ്കോ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റവാളികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് നല്‍കിയ പരാതിയിന്മേലാണ് നടപടി.
വിശദീകരണവുമായി ക്യാമ്പസ് ഫ്രണ്ട്
അതേ സമയം വിഷയത്തിൽ വിശദീകരണവുമായി ക്യാമ്പസ് ഫ്രണ്ട് രംഗത്തെത്തി. ബാബറി മസ്‌ജിദ് തകര്‍ത്തതിന്‍റെ ഓര്‍മ ദിനത്തില്‍ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ബാഡ്‌ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര ചേരികളുടെ ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും വ്യാജ പ്രചരണത്തെ തള്ളിക്കളയണമെന്നും ക്യാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് അജ്‌മൽ പി എസ് പറഞ്ഞു.
ബാബറിയെ മറവിക്ക് വിട്ടുകൊടുക്കരുത് എന്നത് ക്യാമ്പസ് ഫ്രണ്ടിന്‍റെ പ്രഖ്യാപിത നിലപാടാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബറി മസ്‌ജിദ് തകര്‍ത്തത്. അതിന്‍റെ സ്‌മരണ പോലും നില നിര്‍ത്താതിരിക്കാനുള്ള സംഘപരിവാര അജണ്ടയെ ജനകീയമായി ചെറുത്ത്, മസ്‌ജിദ് പുനര്‍ നിര്‍മാണത്തിലൂടെ രാജ്യത്തിന്‍റെ മതേതരത്വം തിരിച്ചു പിടിക്കേണ്ടത് പുതു തലമുറയുടെ ബാധ്യതയാണ്.
ബാബറി കാംപയിന്‍റെ ഭാഗമായി ബാഡ്‌ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവര്‍ക്ക് കുത്തി നല്‍കുകയുമാണ് ചെയ്‌തത്. ഒരാളെയും നിര്‍ബന്ധിച്ച് ബാഡ്‌ജ് ധരിപ്പിച്ചിട്ടില്ല. ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ കുറച്ചുനാളുകളായി കേരളത്തില്‍ വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.