പത്തനംതിട്ട : സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കയ്യേറ്റ ശ്രമങ്ങളിലേക്ക് കടന്നതോടെ തെളിവെടുപ്പ് പെട്ടെന്ന് നടത്തി പ്രതികളുമായി പൊലീസ് മടങ്ങുകയായിരുന്നു.
പ്രതികളായ പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചു പറമ്പില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദു ഭവനില്‍ നന്ദുകുമാര്‍ (24), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണു കുമാര്‍ (അഭി 25), കാസര്‍കോട് കുമ്ബള സ്വദേശി മന്‍സൂര്‍ (22) എന്നിവരുമായിട്ടാണ് തെളിവെടുപ്പ് നടന്നത്.
സന്ദീപിനെ കുത്തിയ കലുങ്ക്, പ്രതികള്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന കുറ്റപ്പുഴയിലെ ലോഡ്‌ജ്, ഒളിവില്‍ കഴിഞ്ഞ ആലപ്പുഴ കരുവാറ്റയിലെ ബന്ധു വീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞ് ചൊവ്വാഴ്‌ച രാവിലെ മുതല്‍ വലിയ ജനക്കൂട്ടം സ്ഥലത്ത് കാത്തു നിന്നിരുന്നു.
തെളിവെടുപ്പിന് പ്രതികളുമായി സന്ദീപിനെ കൊലപ്പെടുത്തിയ വൈപ്പിന്‍ പാടത്തെ കലുങ്കിന് സമീപം എത്തിയപ്പോഴാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. യുവാക്കളും സ്‌ത്രീകളും ഉൾപ്പെടെ പ്രതികൾക്ക് നേരെ രോഷാകുലരായി. ചിലർ വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതോടെ പൊലീസ് പ്രതികളെ വേഗത്തില്‍ വാഹനത്തില്‍ കയറ്റി.
രോഷാകുലരായ പ്രതിഷേധക്കാർ കയ്യേറ്റത്തിനും ശ്രമിച്ചു. വാഹനത്തിന് മുന്നില്‍ കയറി നിന്നു തടയാനും ശ്രമമുണ്ടായി. പൊലീസ് ജനക്കൂട്ടത്തെ ബല പ്രയോഗത്തിലൂടെ തള്ളിമാറ്റി പ്രതികളുമായി സ്ഥലത്തു നിന്നും മടങ്ങുകയായിരുന്നു.
READ MORE: Sandeep murder: സന്ദീപ് വധക്കേസില്‍ ഇന്ന് തെളിവെടുപ്പ്; കൂടുതൽ പേരെ പ്രതി ചേർത്തേക്കും