പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ഭക്തര്‍ അയ്യപ്പസന്നിധിയിലേയ്ക്ക് എത്തി തുടങ്ങി. ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിന് നടതുറന്നങ്കിലും ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഡിസംബര്‍ 31 ന് രാവിലെ നടന്ന തുറന്ന ശേഷമാണ് ഭക്തരെ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയത്. പുതുവര്‍ഷത്തില്‍ അയ്യനെ തൊഴാന്‍ സാധാരണ വന്‍ ഭക്തജനത്തിരക്ക് ഉണ്ടാകുമെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ദിവസം 5000 ഭക്തര്‍ക്കു മാത്രമാണ് ദര്‍ശനം.
വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ദര്‍ശനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായി വലിയ നടപ്പന്തലില്‍ തെര്‍മ്മല്‍ സകാനര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ദര്‍ശനം നടത്തിയ ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇവരെ പമ്പയിലേക്ക് ഉടന്‍ തിരിച്ചയക്കും.
ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തനെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല.