പത്തനംതിട്ട: പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയുടെ പ്രതിനിധിയായാണ് മൂലം നാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചത്.
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്‍റെ ഭരണസമിതിയാണ് ശങ്കർ വർമ്മയെ വലിയ തമ്പുരാന്‍റെ പ്രതിനിധിയായി നിശ്ചയിക്കാൻ ശുപാർശ ചെയ്തത്. വലിയ രാജയുടെ അംഗീകാരത്തോടെ മൂലം നാൾ ശങ്കർ വർമ്മ ഈ വർഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് നിയുക്ത രാജപ്രതിനിധി.