പത്തനംതിട്ട: സന്നിധാനം ഭക്തിസാന്ദ്രമാക്കി തീക്കോയി രാധാകൃഷ്‌ണന്‍റെ കര്‍ണാടിക് സംഗീത കച്ചേരിയും ഗായത്രി വിജയലക്ഷ്‌മിയുടെ നൃത്തവിരുന്നും. ശാസ്‌ത്രീയ സംഗീതാലാപന രംഗത്ത് വര്‍ഷങ്ങളുടെ പരിചയവും ശിഷ്യസമ്പത്തുമുള്ള രാധാകൃഷ്‌ണന്‍റെ ആലാപനം ഭക്തിനിർഭരമായി. വലിയ നടപ്പന്തലിലെ മുഖമണ്ഡപത്തിലായിരുന്നു രാധാകൃഷ്‌ണന്‍റെ ആലാപനം.
അയ്യപ്പദര്‍ശനം തേടിയെത്തിയ ഭക്തര്‍ക്ക് സംഗീത മഴയായി രാധാകൃഷ്‌ണന്‍റെ കച്ചേരി. കണ്ടഴ രാജഗോപാല്‍, ഘടകത്തില്‍ പ്രതീഷ് തലനാട്, വയലിനില്‍ സുരേന്ദ്രന്‍ കട്ടപ്പന, മുഖര്‍ശംഖില്‍ സുബിന്‍ തിടനാട് എന്നിവര്‍ അകമ്പടിയായി.
ഗായത്രിയുടെ രണ്ടാംവരവിലെ നൂറാംവേദി: അറുപതാം വയസിൽ അയ്യപ്പ സന്നിധിയിൽ നൃത്തമാടി ഗായത്രി വിജയലക്ഷ്‌മി. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചശേഷം നൃത്തവേദിയില്‍ സജീവസാന്നിധ്യമാണ് ഗായത്രി വിജയലക്ഷ്‌മി. ഗായത്രിയുടെ രണ്ടാംവരവിലെ നൂറാംവേദിയാണ് അയ്യപ്പന്‍റെ തിരുസന്നിധി.
26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചതാണ് ഗായത്രി. പിന്നീട് ടികെഎം എഞ്ചിനീയറിങ് കോളജിലെ അധ്യാപന ജീവിതത്തിരക്കുകളില്‍ നൃത്തത്തെ മനസിന്‍റെ കോണിലൊതുക്കി. ഒടുവില്‍ വിരമിക്കുന്നതിന് മുമ്പ് മിഥിലാലായ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി. മൈഥിലിയുടെ ശിക്ഷണത്തില്‍ പ്രഫ ഗായത്രി വിജയലക്ഷ്‌മി വീണ്ടും ചിലങ്കകെട്ടി. ആ യാത്രയാണ് അയ്യപ്പസന്നിധിയിലെത്തിച്ചത്.