പത്തനംതിട്ട: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന്(06.09.2022) വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ശനിയാഴ്‌ച(10.09.2022) വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
ഉദയാസ്‌തമയ പൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന നാല് ദിവസങ്ങളിലും ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ പത്തിന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്‌ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ല കലക്‌ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. പമ്പയില്‍ തീര്‍ഥാടകര്‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.