പത്തനംതിട്ട: ശരണം വിളികളാല്‍ മുഖരിതമായ നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് ശനിയാഴ്‌ചയോടെ സമാപനമായി. ഹരിവരാസനം പാടി രാത്രി ഒമ്പത് മണിക്ക് നട അടയ്ച്ചതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമായി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മണ്ഡലകാലം പൂര്‍ത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി തീര്‍ഥാടകരുടെ എണ്ണം തുടക്കത്തില്‍ ദിവസം ആയിരമെന്ന നിലയില്‍ പരിമിതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൂവായിരമായി ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും 5000 പേർക്കാണ് ദർശനാനുമതി നൽകിയത്.
കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലയ്ക്കലില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചായിരുന്നു ദര്‍ശനത്തിനുള്ള വരി തയ്യാറാക്കിയത്. ഇതിനായി വലിയനടപ്പന്തല്‍ മുതല്‍ സോപാനം വരെയും മാളികപ്പുറത്തുള്‍പ്പെടെയും ഭക്തര്‍ക്ക് നില്‍ക്കാനുള്ള സ്ഥലങ്ങള്‍ വരച്ച് അടയാളപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ സാനിറ്റൈസറും ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേ ഭക്തരെത്തുന്ന സ്ഥലങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുകയും ചെയ്‌തു.
കൊവിഡ് മുന്‍ കരുതലെടുത്ത ശേഷമാണ് എല്ലാ വിഭാഗം ജീവനക്കാരെയും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. സമ്പര്‍ക്കമൊഴിവാക്കാനായി ജീവനക്കാര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരിലെ കൊവിഡ് ബാധ കണ്ടെത്തുന്നതിനായി സന്നിധാനത്ത് രണ്ട് പ്രാവശ്യം ആന്‍റിജന്‍ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്.
സന്ദര്‍ശനത്തിനെത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ശബരിമലയിലെ പ്രസാദം തപാല്‍ മുഖേന ഭക്തരുടെ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. ഇനി മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഹൈക്കോടതിയുടേയും സര്‍ക്കാരിന്‍റെയും നിര്‍ദേശം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. ഡിസംബര്‍ 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.