പത്തനംതിട്ട : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു (Sabarimala Temple Opened For Special Pujas). ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകര്‍ന്നു.
തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന് നമ്പൂതിരി, മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം നൽകി. നട തുറന്ന ദിവസം ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കന്നി ഒന്നായ ഇന്ന് (സെപ്റ്റംബര്‍ 18 ന്) പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവുമുണ്ടായിരുന്നു. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. 7.30 ന് ഉഷപൂജയും 7.45 മുതൽ 8.45 വരെ ഉദയാസ്തമയപൂജയും 11 മണി വരെ നെയ്യഭിഷേകവും നടന്നു.
12.30 ന് ഉച്ചപൂജയും നിര്‍വഹിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, കലശാഭിഷേകം,കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.
നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട സെപ്റ്റംബര്‍ 22 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഒക്ടോബര്‍ 18 ന് ആണ് തുലാം ഒന്ന്. അന്ന് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്.
Guidelines for Sabarimala Pilgrimage: കോഴിക്കോട് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല തീർഥാടകർക്കായി അത്യാവശ്യമാണെങ്കിൽ മാർഗ നിർദേശം പുറപ്പെടുവിക്കണണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി നട തുറക്കാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ദേശം.