പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്ത ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.
തുടര്‍ന്ന്, തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്ത് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നീട്, പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നു.
Also Read: KERALA COVID CASES: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കൂടി കൊവിഡ്, 130 മരണം
കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രമെ അയ്യപ്പ ഭക്തര്‍ മലകയറി ശബരീശ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും.
കര്‍ക്കടകമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ 5,000 ഭക്തര്‍ക്ക് വീതമാണ് ദര്‍ശനത്തിനായി അവസരം നല്‍കിയിട്ടുള്ളത്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ കര്‍ക്കടക മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.