പത്തനംതിട്ട : നിറപുത്തരി പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട തുറന്നു. വൈകിട്ട് (ഓഗസ്റ്റ്3) 5 മണിയോടെയായിരുന്നു ചടങ്ങ്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, നടൻ ജയറാം ,ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത് കുമാർ, വിജിലൻസ് എസ്.പി.സുബ്രഹ്മണ്യം, തിരുവാഭരണം കമ്മിഷണർ ബൈജു എന്നിവർ സന്ദര്‍ശനത്തിനെത്തിയിരുന്നു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിയിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല.
രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. നിറപുത്തരി പൂജകൾക്കായി നാളെ(ആഗസ്റ്റ് 4) പുലർച്ചെ 4 മണിക്ക് ക്ഷേത്ര നട തുറക്കും. 5.40 നും 6 മണിക്കും മധ്യയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.
also read: ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം, പമ്പാ സ്നാനം അനുവദിക്കില്ല: കലക്ടര്‍ ദിവ്യ എസ് അയ്യര്‍
നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നെ ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും. ഓഗസ്റ്റ് 17 മുതൽ 21 വരെ നട തുറന്നിരിക്കും. ആഗസ്റ്റ് 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും.