പത്തനംതിട്ട: ശബരിമലയെ ഭക്തിസാന്ദ്രമാക്കി മണ്ഡലകാല മഹോത്സവം. ഹരിതാഭ നിറയുന്ന കാനന മുകളിൽ മന്ത്രധ്വനികളുയരുകയാണ്. ശ്രുതിയും താളവും നിറഞ്ഞൊഴുകുന്ന ശരണ മന്ത്രങ്ങൾ സന്നിധാനത്തെ ഏറെ ഭക്തിസാന്ദ്രമാക്കി. ഭക്ത മാനസങ്ങളിൽ കളഭ സുഗന്ധം നിറച്ച് സന്നിധാനം തഴുകുന്ന കുളിർ കാറ്റ് ഭക്തരെ ഉള്‍പുളകം കൊളിക്കുന്നു. ഭക്തരുടെ ഉള്ളുണർത്തി ഇടയ്ക്കിടെ മുഴങ്ങുന്ന മണി നാദം അത് കേൾക്കെ ലക്ഷങ്ങൾ ഒന്നായി ഓതുന്നതൊരേ മന്ത്രം... സ്വാമിയേ ശരണമയ്യപ്പ.
മണ്ഡലകാല മഹോത്സവത്തിന് ആയിരക്കണക്കിനാളുകളാണ് ഇരുമുടി കെട്ടുകളുമായി മലകയറുന്നത്. ജനങ്ങള്‍ അധികം എത്തുന്നത് കൊണ്ടും ശക്തമായി മഴ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടും ശബരിമലയിലും സന്നിധാനത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ശബരിമലയിലേക്കുള്ള യാത്രയില്‍ ഭക്തര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷും മാളികപ്പുറം മേല്‍ശാന്തി പി.ജി മുരളിയും പറഞ്ഞു.
ഭക്തജനങ്ങള്‍ക്ക് മേല്‍ശാന്തിമാരുടെ നിര്‍ദേശം: മണ്ഡലകാല മഹോത്സവം നടന്നുവരുന്ന ശബരിമലയില്‍ ആയിര കണക്കിന് ഭക്തരാണ് എത്തുന്നത്. അതുകൊണ്ട് ഭക്ത ജനങ്ങള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷ് പറഞ്ഞു. പ്ലാസ്‌റ്റിക് സാധനങ്ങള്‍ കഴിവതും ഒഴിവാക്കി വേണം ഭക്തര്‍ മലകയറാനെന്നും അവനവന്‍ കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ സ്വന്തമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
കലിയുഗത്തില്‍ അയ്യപ്പ സ്വാമിയെ പൂജിക്കുകയെന്നത് ഈ യുഗത്തിന്‍റെ ധര്‍മമാണ്. ഈ യുഗത്തില്‍ ശബരിമല സന്ദര്‍ശിക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇതൊരു ധര്‍മ്മമായി കണ്ട് ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും മേല്‍ശാന്തി പിഎന്‍ മഹേഷ് പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തര്‍ പൂര്‍ണമായും വ്രതശുദ്ധിയോടെ എത്തണമെന്ന് മാളികപ്പുറം മേൽശാന്തി പി.ജി മുരളി പറഞ്ഞു. ഭക്തര്‍ ശബരിമലയിലും മാളികപ്പുറത്തും സന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 41 ദിവസത്തെ ദീക്ഷയോടെ മാത്രം 18ാംപടി ചവിട്ടി സന്ദര്‍ശനം നടത്തണം. എല്ലാവരും കൃത്യമായ ദീക്ഷകള്‍ പാലിച്ച് വേണം ക്ഷേത്രത്തിലെത്താനെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുകയാണെന്നും പി.ജി മുരളി വ്യക്തമാക്കി.
സുരക്ഷ സംവിധാനങ്ങള്‍ സുസജ്ജം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയില്‍ വലിയ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലും സന്നിധാനത്തുമായി പത്തിടങ്ങളിലാണ് അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചത്. ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഐസിയു ബെഡുകളും ഒരു സെമി ഐസിയും ബെഡും സന്നിധാനത്തെ ആശുപത്രിയിലുണ്ട്.
also read: മലനിറഞ്ഞ് ഭക്തർ, നാട് നിറഞ്ഞ് ശരണമന്ത്രം... ശബരിമലയില്‍ തിരക്കേറുന്നു