പത്തനംതിട്ട: മകരജ്യോതി ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് നിർദേശവുമായി തന്ത്രി കണ്‌ഠരര് രാജീവര്. മകരജ്യോതി ദർശന ശേഷം ഭക്തർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ, തിരക്കുകൂട്ടാതെ സാവധാനം മലയിറങ്ങണമെന്ന് തന്ത്രി കണ്‌ഠരര് രാജീവര് പറഞ്ഞു. അയ്യപ്പഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പഭക്തൻമാരും പരസ്‌പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു. ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്‌ച വൈകിട്ട് 6.30ന് നടക്കുന്നത്.
തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പ ദർശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തർ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.
ജനുവരി 14 ശനിയാഴ്‌ചയാണ് മകരവിളക്ക്. മകരജ്യോതിയുടെ സായൂജ്യമേറ്റുവാങ്ങാന്‍ ശബരിമല സന്നിധിയും പരിസരപ്രദേശങ്ങളും ഒരുങ്ങുകയാണ്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ശബരിമല അയ്യപ്പ സന്നിധിയില്‍ ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയായി. 14ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദർശനത്തിനുള്ള എല്ലാ പോയിന്‍റുകളിലും ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Also read: മകരവിളക്ക്: ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്