ശബരിമല: സൂര്യന് ധനുരാശിയില്‍ നിന്നും മകരരാശിയിലേക്ക് മാറുന്ന സംക്രമ മുഹൂർത്തത്തിലാണ് ശബരിമലയിൽ മകരസംക്രമപൂജ നടക്കുന്നത്. ഈ വർഷം പുലർച്ചെ 2.09നായിരുന്നു മകരസംക്രമ മുഹൂർത്തം. അത്താഴപൂജ കഴിഞ്ഞതോടെ സംക്രമപൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി സുധീർ നമ്പൂതിരിയും പൂജാചടങ്ങുകൾക്ക് നേതൃത്വം നൽകി.
സംക്രമപൂജാ സമയത്ത് അഭിഷേകം ചെയ്തത് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നെയ്തേങ്ങയിലെ നെയ്യാണ്. കാവടിയാർ കൊട്ടാരത്തിൽ നിന്നെത്തിയ പ്രത്യേക ദൂതൻ നെയ്തേങ്ങ പടിക്കൽ സമർപ്പിച്ചതോടെ മകരസംക്രമ പൂജ ചടങ്ങുകൾ ആരംഭിച്ചു. 2.30 ഓടെ പൂജ ചടങ്ങുകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നടയടച്ചു.
പുലര്‍ച്ചെ നാല് മണിക്ക് നട വീണ്ടും തുറന്നു. മകരസംക്രമ പൂജ പുലർച്ചെ നടന്നതിനാൽ ഒന്നര മണിക്കൂർ മാത്രമാണ് ശ്രീകോവിൽ നട അടഞ്ഞുകിടന്നത്. ഭക്തജനങ്ങൾക്ക് അത്രയും സമയം ദർശനത്തിനുള്ള അവസരം ലഭിച്ചു. സoഗീതഞ്ജൻ ഇളയരാജ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു തുടങ്ങി നിരവധി പ്രമുഖർ മകരസംക്രമ പൂജ തൊഴാനെത്തിയിരുന്നു.