പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ്. പ്ലാപ്പള്ളി ഇലവുങ്കൽ റോഡിലും എരുമേലി ഇലവുങ്കൽ റോഡിലും വൻ വാഹന നിരക്ക് അനുഭവപ്പെടുന്നതിനാല്‍ പമ്പയിലേക്ക് എത്താൻ സാധാരണയിലും കൂടുതൽ സമയമെടുക്കുന്നുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും മെഡിക്കൽ കിറ്റും കൈയിൽ കരുതണം. മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും കലക്ടര്‍ പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലയ്ക്കലും പമ്പയിലും സന്നിധാനത്തും എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരക്ക് നിയന്ത്രിക്കുന്നത്. കുടിവെള്ളം ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളിൽ പൊലീസിന്‍റേയും റവന്യു വകുപ്പിന്‍റേയും നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു. ശബരിമല എഡിഎം എൻ.എസ്.കെ. ഉമേഷിന്റെ നേത്യത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെന്‍റർ കാര്യക്ഷമമായി പ്രവർത്തനം നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി സർവീസ് കുറച്ചത് ക്രൂഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായാണെന്നും നിലവിൽ വാഹനങ്ങളുടെ കുറവില്ലെന്നും കലക്ടർ പറഞ്ഞു.