പത്തനംതിട്ട: ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാർ നിലയ്ക്കൽ പ്ലാന്തോടിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 8 പേർക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം മണ്ണാശേരി സ്വദേശികളായ കരുണാകരന്‍ (78), വാസു (69), ഷൈലജ (62), ശ്രീജിത്ത് (38), പാര്‍വതി (5), വൈഗ (രണ്ടര), വൈദേഹി (9), ശിവദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. 10 പേരാണ് കാറിലുണ്ടായിരുന്നത്. അഗ്നിരക്ഷ സേനയെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കരുണാകരന്‍റെയും വാസുവിന്‍റെയും പരിക്ക് ഗുരുതരമാണ്. അതേസമയം, കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Also read: മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്