പത്തനംതിട്ട: സ്ഥിരം അപകട മേഖലയായ ളാഹ വിളക്ക് വഞ്ചിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപം ബുധനാഴ്‌ച രാവിലെയോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് ചരിഞ്ഞ് നില്‍ക്കുകയായിരുന്നു. താഴേയ്‌ക്ക് പോകാതെ ക്രാഷ് ബാരിയറിൽ തട്ടി ബസ് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തിരുവുള്ളൂരില്‍ നിന്നുള്ള 28 പേരടങ്ങുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീർഥാടകരെ ബസിൽ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒരു മാസം മുന്‍പ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം സംഭവിച്ചത്. നവംബര്‍ 19ന് നടന്ന അപകടത്തില്‍ ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടക സംഘത്തിലെ എട്ടുവയസുകാരന്‍ മരിച്ചിരുന്നു. 18 തീര്‍ഥാടകര്‍ക്കാണ് അന്ന് പരിക്കേറ്റത്.