പത്തനംതിട്ട : ശബരിമല ശ്രീ ധര്‍മശാസ്‌ത ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജരായി ജില്ല ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു (Sabarimala pilgrimage).
ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, റവന്യു, ഹെല്‍ത്ത് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന കലക്‌ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. സൂക്ഷ്‌മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്‌തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ല കലക്‌ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും.
സ്‌റ്റീൽ, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങള്‍ക്കും കലക്‌ടര്‍ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറില്‍ കൂടുതല്‍ കൈവശം വക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല. വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ നാല് സ്‌ക്വാഡുകള്‍ ശബരിമലയില്‍ തയാറാണ്.
മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്‍ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്‌സിനേഷന്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമായും കയ്യില്‍ കരുതണം.
സര്‍ക്കാര്‍ ക്യാന്‍റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
പമ്പ, നിലയ്ക്കല്‍ ബസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആര്‍ടിസിയും പത്തനംതിട്ടയിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സന്നദ്ധരായി കഴിഞ്ഞു.
തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യം: ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ യാത്രാസൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കായി പമ്പ, നിലയ്ക്കല്‍ ബസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.
പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ബസില്‍ തന്നെ ലഭിക്കും. ത്രിവേണി ജങ്ഷനില്‍ നിന്നും ചെയിന്‍ സര്‍വീസുകള്‍ നടത്തും. പമ്പ ബസ് സ്‌റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ALSO READ:ശബരിമല തീര്‍ഥാടനം ; നടപ്പിലാക്കുന്നത് വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി വീണ ജോർജ്
തീര്‍ഥാടകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ് ബസ് സ്‌റ്റേഷനിലേക്ക് സൗജന്യ സര്‍വീസും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിലയ്ക്കല്‍ ബസ് സ്‌റ്റേഷനിലേക്ക് 10 രൂപ നിരക്കില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്.
ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ത്രിവേണി ജങ്ഷനില്‍ നിന്നും നിലയ്ക്കല്‍ ബസ് സ്‌റ്റേഷനിലേക്കുള്ള റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിക്കുക. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ പ്രവേശനം ഇല്ലെന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ടോള്‍ഫ്രീ നമ്പര്‍: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും, 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നേതൃത്വത്തില്‍ സുരക്ഷ സംബന്ധിച്ച യോഗം ഇന്ന് പമ്പയില്‍ ചേരും.