പത്തനംതിട്ട: മകരജ്യോതിയുടെ സായൂജ്യമേറ്റുവാങ്ങാന്‍ ശബരിമല സന്നിധിയും പരിസരപ്രദേശങ്ങളും ഒരുങ്ങുകയാണ്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ശബരിമല അയ്യപ്പ സന്നിധിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ജനുവരി 14 ശനിയാഴ്‌ചയാണ് മകരവിളക്ക്.
14ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മകരജ്യോതി ദർശനത്തിനുള്ള എല്ലാ പോയിന്‍റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഇന്ന് നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധക്രിയകള്‍ തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തില്‍ നടക്കും. 12:30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും.
മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽനിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്ര സംഘത്തെ നാളെ വൈകിട്ട് 5:30ന് ശരംകുത്തിയിൽവച്ചാണ് സ്വീകരിക്കുക. അവിടെ നിന്നും ദേവസ്വം ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവച്ച് ഔദ്യോഗികമായി സ്വീകരിക്കും.
തുടര്‍ന്ന് ആചാരപ്രകാരമാണ് തിരുവാഭരണം ശ്രീകോവിലിലേക്ക് എത്തിക്കുന്നത്. വൈകിട്ട് 6:30ന് അയ്യപ്പന് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കും. മകരജ്യോതി ദർശനം ദീപാരാധനയോട് അനുബന്ധിച്ചു നടക്കും.
ദീപാരാധനയ്‌ക്ക് ശേഷം രാത്രി 8:45നാണ് മകരസംക്രമ പൂജ. പിന്നാലെ തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും.