പത്തനംതിട്ട : ശബരിമലയില്‍ ഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ് സൗകര്യം വര്‍ധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം വർധിച്ചു. തുടക്കത്തില്‍ ഒരു ദിവസം സ്പോട്ട് ബുക്കിങിന് 5000 പേര്‍ എന്ന് നിശ്ചയിച്ചിരുന്നത് പിന്നീട് 7000 ആക്കി വര്‍ധിപ്പിച്ചിരുന്നു.
സൗകര്യമായി സ്‌പോട്ട് ബുക്കിങ്
സ്‌പോട്ട് ബുക്കിങ് ഏർപ്പെടുത്തിയതോടെ നേരിട്ട് ശബരിമല ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വരും ദിവസത്തേക്ക് നേരത്തെ തന്നെ പൂര്‍ണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് സ്‌പോട്ട് ബുക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കിയത്. ദേവസ്വം ബോര്‍ഡ് പത്തിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ALSO READ:സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കും; ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
ബസ് സ്റ്റേഷനായ നിലയ്ക്കലില്‍ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിങിനായി ഒരുക്കിയത്. തീര്‍ഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് നടത്താം.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ തുടര്‍ന്നുള്ള ഒഴിവുകള്‍ സ്പോട്ട് ബുക്കിങിലേക്ക് മാറ്റുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് ഭക്തര്‍ കരുതേണ്ടത്.
പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അര്‍ഹമായ രേഖകളോടെ എത്തുന്ന എല്ലാ തീര്‍ഥാടകർക്കും അയ്യപ്പദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്.