പത്തനംതിട്ട : തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം നൽകി.
രാവിലെ 5 മണിക്ക് നട തുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും. 22 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമന പൂജ ,പടിപൂജ ,കളഭാഭിഷേകം ,പുഷ്പാഭിഷേകം എന്നിവ ഉണ്ട്. 21 ന് വൈകിട്ട് സഹസ്ര കലശാഭിഷേകവും വിശേഷാൽ വഴിപാടായി ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി വീണ്ടും 26 ന് വൈകിട്ട് നട തുറക്കും. 27 ന് ആണ് ചിത്തിര ആട്ടത്തിരുനാൾ.
പൂജകളുടെ നിയോഗം ഏറ്റുവാങ്ങി നിയുക്ത മേൽശാന്തിമാരായ മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എ.കെ സുധീർ നമ്പൂതിരി, ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ എം.എസ് പരമേശ്വരൻ നമ്പൂതിരി എന്നിവർ സന്നിധാനത്തേക്ക് രാവിലെ തന്നെ മല കയറിയിരുന്നു. നട തുറന്നപ്പോൾ ആദ്യം പതിനെട്ടാം പടി കയറിയത് നിയുക്ത മേൽശാന്തിമാരും സംഘവുമാണ്. പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങുകൾ വ്യശ്ചികം ഒന്നിനു തീർത്ഥാടനത്തിനു നട തുറക്കുന്ന നവംബർ 16ന് വൈകിട്ടേയുള്ളൂ. അതു വരെ ഇവർ സന്നിധാനത്ത് ഭജനമിരിക്കും.