പത്തനംതിട്ട: ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. നിയുക്ത ശബരിമല മേൽശാന്തിയായി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി എം എൻ.രജികുമാറും പുറപെടാ ശാന്തിമാരായി സ്ഥാനാരോഹണം നടത്തി.
ക്ഷേത്രനട തുറന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് തുടങ്ങിയവർ പങ്കെടുത്തു. വൃശ്ചികം ഒന്നായ നാളെ പുതിയ ശാന്തിമാരാണ് നടതുറക്കുക. പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദർശനത്തിനായി എത്തിച്ചേരുന്നത്. 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല ഉത്സവകാലം.