തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ശബരിമല നട തുറന്നത്. നട തുറക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാസപൂജയും ആറാട്ട് ഉത്സവവുമാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ധർമശാസ്താ ക്ഷേത്രത്തിൽ കൊടിയുയരും. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകൾക്ക് സമാപനം കുറിച്ച് നടയടയ്ക്കും. ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ പുതിയ വാതിൽ സമർപ്പണവും നടക്കും.
നിലവിൽ ശബരിമലയിൽ സംഘർഷ സാഹചര്യങ്ങളില്ലെന്നാണ് വിലയിരുത്തൽ. മുന്നൂറോളം പോലീസുകരെ മാത്രമാണ് ശബരിമലയിലും നിലയ്ക്കലും പമ്പയിലുമായി സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. തീർഥാടകർക്കുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്.