ശബരിമല: ശബരിമല വികസനത്തിനായി രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കുന്ന വനം മന്ത്രാലയത്തിന്റെ അനുമതി നേടുന്നതിനായി ഇടപെടുമെന്നും ഇക്കാര്യത്തിൽ സംസ്ഥാന ദേവസ്വം മന്ത്രിയുമായി ആലോചിച്ച് കേന്ദ്ര വനംമന്ത്രിയെ ഉൾപ്പടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷകണക്കിന് ഭക്തരുടെ വികാരം മാനിച്ച് ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തിയ മുരളീധരൻ ദീപാരാധന സമയത്തായിരുന്നു ദർശനം നടത്തിയത്. തുടർന്ന് മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി, തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുമായും കൂടിക്കാഴ്ച നടത്തി.