പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. നാളെ രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേർന്നു. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിച്ചു. വൈകുന്നേരം 5.15ന് ശരംകുത്തിയില്‍വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ തങ്കയങ്കിയെ ആചാര പൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോയി. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. രാത്രി 8.30ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് നട അടയ്ക്കും. 26ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 25നും 26നും ഭക്തര്‍ക്ക് ദര്‍ശനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജാ ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉല്‍സവകാലം. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.