പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോട് ( Sabarimala Mandala Makara vilakku Festival ) അനുബന്ധിച്ച് പത്തനംതിട്ട KSRTC ഡിപ്പോയെ ശബരിമല ഇടത്താവളമാക്കി. ആരോഗ്യ മന്ത്രി വീണ ജോർജ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്ര ചെയ്‌ത് വരുന്ന അയ്യപ്പ ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കുന്നതിന് കെഎസ്ആർടിസി ഇവിടെ സൗകര്യവും ഒരുക്കും.
ALSO READ: അതിവേഗ റെയില്‍; സാമൂഹികാഘാത പഠനവുമായി സര്‍ക്കാര്‍ മുന്നോട്ട്
ഇതിനോട് അനുബന്ധിച്ച് പുതുതായി പത്തനംതിട്ട - പമ്പ ചെയിൻ സർവീസ് ആരംഭിക്കും. വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകളിലെ ഭക്തർക്ക് ഇവിടെ നിന്ന് നേരിട്ട് പമ്പ ടിക്കറ്റ് ലഭ്യമാക്കും. പത്തനംതിട്ട ബസ് സ്‌റ്റാന്‍റിൽ ഇറങ്ങി വിശ്രമിച്ച് തുടർന്ന് അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട - പമ്പ ചെയിൻ സർവീസിൽ യാത്ര തുടരാനും അവസരമുണ്ട്.
പത്തനംതിട്ടയിൽ വിരിവയ്ക്കുന്നതിനും ഫ്രഷ് ആകുന്നതിനുമായി വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവും, ഭക്തർക്ക് ലഗേജുകൾ സൂക്ഷിക്കുവാൻ ഉള്ള ക്ലോക്ക് റൂമുകളും സജ്ജീകരിക്കും. തൊട്ടടുത്ത പുരാതനവും പ്രശസ്‌തവുമായ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ KSRTC സർക്കുലർ ട്രിപ്പുകൾ ഒരുക്കും. ഭക്ഷണം ഒരുക്കുന്നതിന് കുടുംബശ്രീ കാന്‍റീനുകൾ ആരംഭിക്കും.
ALSO READ: കാലാവസ്ഥ പ്രതികൂലം; ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 ഭക്തർ
ഭാവിയിൽ കുറഞ്ഞ ചെലവിൽ താമസത്തിനായി ഡോർമിറ്ററികളും സ്ഥാപിക്കും. കൂടാതെ ഇത്തരത്തിൽ സർവീസ് നടത്തുമ്പോൾ ബസുകൾ യാത്രക്കാരില്ലാതെ പോകുന്നതും അവശ്യസമയത്ത് ബസ് ലഭിക്കാതെ പോകുന്നതും ഒഴിവാക്കുവാനും, നഷ്‌ടം ഒഴിവാക്കി വരുമാന വർധനവിനും കെഎസ്ആർടിസിക്ക് കഴിയും. നവംബർ 22 മുതലാണ് ഇത്തരം ക്രമീകരണം നടപ്പാക്കുക.