ശബരിമല: അയ്യനെ കാണാന്‍ എത്തുന്നവര്‍ക്ക് 24 മണിക്കൂറും ഭക്ഷണം ലഭ്യമാക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന സന്നിധാനത്തെ അന്നദാന മണ്ഡപം. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം ലഭിക്കും. ഉപ്പുമാവും, കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ് രാവിലത്തെ വിഭവങ്ങൾ. ഉച്ചയ്ക്ക് 12 മണിമുതല്‍ വിഭവ സമൃദ്ധമായ ഊണ് വിളമ്പും. ചോറിനൊപ്പം സാമ്പാറും, അവിയിലും തോരനും, അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവും. കഞ്ഞിയും, പയറും, അച്ചാറുമാണ് രാത്രിയിലെ ഭക്ഷണം. വിളമ്പാനും വൃത്തിയാക്കാനുമായി 240പേരടങ്ങുന്ന സംഘം. 50 പേര്‍ പാചകത്തിനുമുണ്ട്.
അത്യാധുനിക രീതിയിലുള്ള അടുക്കളയായതിനാൽ 25 മിനിറ്റുകൊണ്ട് 25 കിലോ അരി വെന്ത് ചോറാകും. 25 കിലോ റവയുടെ ഉപ്പുമാവ് തയ്യാറാകാന്‍ 20 മിനിറ്റ് മതി. തിരക്കുള്ള ദിവസങ്ങളില്‍ 900 കിലോ അരിയുടെ ചോറും ,കഞ്ഞിയും വരെ ഇവിടെ തയാറാക്കിയിട്ടുണ്ട്. വിജിലന്‍സ് പൊലീസിന്‍റെ നേതൃത്വത്തിലാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ഓരോ ദിവസത്തേക്കുള്ള അരിയും സാമഗ്രികളും അടുക്കളയില്‍ എത്തിക്കുന്നത്. ഊണ് കഴിക്കാനെത്തുന്നവര്‍ക്ക് സൗജന്യ കൂപ്പണുകള്‍ നല്‍കുന്നതും ഇവരുടെ നേതൃത്വത്തിലാണ്.
ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ കൃത്യമായി ബയോഗ്യാസ് പ്ലാന്റിലേക്ക് എത്തിക്കാനും ആധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന ഒരു അയ്യപ്പഭക്തൻ പോലും വിശപ്പു സഹിച്ച് മലയിറങ്ങാതിരിക്കാൻ ദേവസ്വം ബോര്സിന്റെ നേതൃത്വത്തിലുള്ള ഈ അന്നദാന മണ്ഡപം ഇടയാക്കുന്നു.