പത്തനംതിട്ട: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജില്ലയില്‍ മൂന്നു സ്ഥലങ്ങളിൽ മാല മോഷണം. ആറന്മുള വാര്യാപുരം, റാന്നി പെരുനാട്, ചേത്തയ്ക്കൽ എന്നിവിടങ്ങളിലാണ് ബുധനാഴ്ച മാല മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്‌ടാക്കളാണ് രണ്ടിടങ്ങളിൽ മാല മോഷ്‌ടിച്ചത്. വയോധികരുടെ മാലകളാണ് ബൈക്കിലെത്തിയ മോഷ്‌ടാക്കൾ കവർന്നത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സന്തോഷ് മുക്ക്, വാര്യാപുരം റോഡിൽ ചിറക്കര മിൽമപ്പടിക്ക് സമീപം മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരുന്ന ശാന്തമ്മയുടെ (68) ഒരു പവൻ വരുന്ന മാല ബൈക്കിലെത്തിയ സംഘം കവരുന്നത്.
ഇതേദിവസം വൈകിട്ട് 4നാണ് പെരുനാട് വാലുതുണ്ടിയിൽ മറിയാമ്മ ബേബിയുടെ(62) മാല മോഷ്‌ടാക്കൾ കവരുന്നത്. വലിയ പാലത്തിന് സമീപമാണ് കവർച്ച നടന്നത്. മോഷ്‌ടാക്കൾ ആക്രമിക്കവെ പിന്നിലേക്ക് വീണ മറിയാമ്മയുടെ തലക്ക് പരിക്കേറ്റിരുന്നു. വഴിയാത്രക്കാരൻ മോഷ്‌ടാക്കളെ തടയാൻ ശ്രമിച്ചെങ്കിലും പിൻസീറ്റിലിരുന്നയാൾ മാരകായുധം കാട്ടി രക്ഷപെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മറിയാമ്മയെ പെരുനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.
രാത്രി ഏഴരയോടെയാണ് ചേത്തയ്ക്കൽ ഭാഗത്തെ മോഷണം. മേലേ കുളത്തുങ്കൽ വീട്ടിൽ ആതിരയുടെ (28) താലിമാലയാണ് കവർന്നത്. വീടിന് പിന്നിലെ ഷെഡിലിരുന്ന് ജോലി ചെയ്യുകയായിരുന്നു ആതിര. സമീപത്തെ റബ്ബർ തോട്ടം വഴിയെത്തിയ മോഷ്‌ടാവ് ആതിരയുടെ രണ്ടര പവന്‍റെ മാല പൊട്ടിച്ചു. പെട്ടെന്ന് മാലയിൽ പിടിമുറുക്കി ആതിര ബഹളം വയ്ക്കുന്നതിനിടെ പകുതിയോളം മാല പൊട്ടിച്ചു മോഷ്ടാവ് കടന്നു. പിടിവലിക്കിടയിൽ താലിയുൾപ്പെടെ ഒരു പവനോളം പൊട്ടിയ മാല ആതിരയ്ക്ക് തിരിച്ചു കിട്ടി.
മോഷ്‌ടാക്കൾ എന്ന് സംശയിക്കുന്ന യുവാക്കളുടെ ചിത്രങ്ങള്‍ വിവിധ സിസിടിവി ക്യാമറകളില്‍ നിന്നും പൊലീസ് ശേഖരിച്ചു. നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്ത ഡിസ്‌കവര്‍ ബൈക്കാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് ദൃശ്യങ്ങളില്‍ കാണാം. രൂപമാറ്റം വരുത്തിയ വാഹനമാണോ എന്നും സംശയിക്കുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.