പത്തനംതിട്ട: കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റയാൾ റാന്നി പൊലീസിന്‍റെ പിടിയിൽ. പ്രതിയായ, കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസില്‍ ഗോഡ്‌ലി ദേവാണ് (46) അറസ്റ്റിലായത്. വടശേരിക്കര സ്വദേശി അജിലാല്‍ ഒരുമാസം മുൻപ് റാന്നി പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.
കാര്‍ വാടകയ്ക്ക് കൊടുത്ത ശേഷം ലഭിച്ച 1.50 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായും പരാതിയിലുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇത്തരത്തില്‍ തട്ടിയെടുത്ത മറ്റൊരു കാറുമായി പ്രതി, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് പിടിയിലാകുന്നത്. ഈ കാറും ഉടമയിൽ നിന്നും തട്ടിയെടുത്തതെന്നാണ് വിവരം. വേറെ കാറുകളും ഇത്തരത്തിൽ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.
'പ്രതിയ്‌ക്കെതിരെ വേറെയും 10 പരാതികള്‍'
2019 ലാണ് അജിലാല്‍ ഗോഡ്‌ലിക്ക് കാര്‍ കൈമാറിയത്. വാടകയായി 1.50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് വാങ്ങിയത്. വാടകയായി ലഭിക്കേണ്ട പണവും ഇയാൾ തട്ടിയെടുത്തു. തുടർന്ന്, അജിലാല്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതി നൽകിയെന്നറിഞ്ഞതോടെ ഇയാൾ മുങ്ങുകയായിരുന്നു. അജിലാലിന്‍റെ കാർ പലതവണ ഇയാള്‍ കൈമാറ്റം ചെയ്‌തു. അവസാനം 2.25 ലക്ഷം രൂപയ്ക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വില്‍ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്.
25 ലക്ഷം രൂപയുടെ വായ്‌പ ശരിയാക്കാമെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും ഇയാൾക്കെതിരെ കേസുണ്ട്. റാന്നി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ 10 പരാതികള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
ALSO READ: ഗതാഗതം സ്‌തംഭിപ്പിച്ച് പ്രതിഷേധവും ആഘോഷവും; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി