പത്തനംതിട്ട: മഹാപ്രളയം ഒഴുക്കിക്കളഞ്ഞ ഐ എസ് ഒ അംഗീകാരം തിരികെപ്പിടിച്ച് റാന്നി ഗ്രാമ പഞ്ചായത്ത്. റാന്നി പഞ്ചായത്തിന്റെ ഐ എസ് ഒ സർട്ടിഫിക്കേഷന്‍റെ പ്രഖ്യാപനം എം എൽ എ രാജു ഏബ്രാഹാം നിർവ്വഹിച്ചു. ഐ എസ് ഒ അംഗീകാരം നേടാനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് റാന്നി ഗ്രാമപഞ്ചായത്തിനെ ഒന്നാകെ വിഴുങ്ങിയ മഹാ പ്രളയം ഉണ്ടായത്. പ്രളയത്തിൽ പ്രദേശവാസികളുടെ സമ്പാദ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം റാന്നി പഞ്ചായത്തിന്റെ ഐ എസ് ഒ സർട്ടിഫിക്കേഷൻ എന്ന സ്വപ്നവും പ്രളയം ഒഴുക്കിക്കളഞ്ഞു. എന്നാൽ അതിജീവനത്തിന്റെ ഉത്തമ മാതൃകയായി റാന്നി മാറിയപ്പോൾ പ്രളയാനന്തരം ഒരു വർഷ കാലത്തിനകമാണ് തങ്ങളുടെ ലക്ഷ്യം റാന്നി പഞ്ചായത്ത് നേടിയെടുത്തത്.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും എല്ലാം ഒരു മാസക്കാലത്തെ അധ്വാനമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. ഒരു മാസക്കാലം കൊണ്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കി. ഓഫീസിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും ആവശ്യമായ നോട്ടീസ് ബോർഡുകൾ ,ഫീഡിംഗ് റും, ടോക്കൺ യന്ത്രം തുടങ്ങിയവ സ്ഥാപിച്ചു. സേവനാവകാശ നിയമത്തിൽ പറയുന്ന സമയപരിധിക്കും മുൻപ് അപേക്ഷകൾ തീർപ്പാക്കിയും സന്ദർശകർക്ക് ശുദ്ധജല ലഭ്യതയും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യവും ഒരുക്കിയുമെല്ലാം നിരന്തര പ്രയത്നത്തിന്‍റെ ഫലമായാണ് പഞ്ചായത്തിന്റെ ഐ എസ് ഒ അംഗീകാരം നേടിയെടുത്തത്.