പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. അതേസമയം പമ്പ റിസര്‍വോയറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കലക്‌ടര്‍ (വെള്ളിയാഴ്‌ച) അവധി പ്രഖ്യാപിച്ചത്.
78 ക്യാമ്പുകളിൽ 2529 പേർ: 78 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഈ ക്യാമ്പുകളിൽ 778 കുടുംബങ്ങളിലെ 2529 പേര്‍ കഴിയുന്നു. ഇതില്‍ 1028 പുരുഷന്മാരും 1082 സ്ത്രീകളും 419 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുള്ളത്. ഇവിടെ 53 ക്യാമ്പുകളിലായി 1995 പേര്‍ കഴിയുന്നു.
ജാഗ്രത നിര്‍ദേശം: കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസര്‍വോയറിന്‍റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്‍റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പില്‍ എത്തിച്ചേരുമ്പോഴാണ്. വെള്ളിയാഴ്‌ച (5-8-22) വൈകിട്ട് 3.30ന് റിസര്‍വോയറിന്‍റെ ജലനിരപ്പ് 982 മീറ്ററില്‍ എത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്.
കാലാവസ്ഥ പ്രവചനം അനുസരിച്ച് വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതാണ്. റിസര്‍വോയറിലെ അധികജലം സ്‌പില്‍വേയിലുടെ ഒഴുക്കി വിടുന്ന നടപടിയുടെ ഭാഗമായി കെഎസ്ഇബി അണക്കെട്ട് സുരക്ഷ വിഭാഗം വൈകിട്ട് 3.30 മുതല്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്‍റേയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
അവധി: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്‌ച (06-08-22) കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.