പത്തനംതിട്ട: രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നടത്തിയ റോഡ് ഷോ വെട്ടിലാക്കിയത് കേരള കോൺഗ്രസ് എം നേതാവിനെ. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ മാണി കോൺഗ്രസ് നേതാവിന്‍റെ വാഹനം രാഹുല്‍ ഗാന്ധിക്ക് റോഡ് ഷോ നടത്താൻ കൊടുത്തതാണ് വിവാദമാകുന്നത്.
കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എന്‍എം രാജു ജോർജിന്‍റെ കാറിലാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെയാണ് രാഹുല്‍ കിയ കാർണിവൽ കാറിൽ യാത്ര ചെയ്തത്. കേരള കോൺഗ്രസ് എം, യുഡിഎഫ് വിട്ടതിന് ശേഷവും എൻഎം രാജു ഇപ്പോഴും കോൺഗ്രസിനൊപ്പം തന്നെയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം.
ഈ തെരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ എൻഎം രാജു തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാൽ പാർട്ടി ഇവിടെ സ്ഥാനാർഥിയാക്കിയത് പ്രമോദ് നാരായണനെയാണ്. എൻഎം രാജുവിന് ഇതിൽ നീരസം ഉണ്ടായിരുന്നു എന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ഇതിനൊപ്പമാണ് രാഹുൽ ഗാന്ധിക്കു വാഹനം വിട്ട് നൽകിയ സംഭവം പുറത്തുവരുന്നത്. എന്നാൽ കിയ കമ്പനിയുടെ ഡീലര്‍ എന്ന നിലയിലാണ് വാഹനം നല്‍കിയതെന്നാണ് എന്‍.എം രാജുവിന്‍റെ പ്രതികരണം. കാര്‍ വിട്ടു നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.