പത്തനംതിട്ട: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ തൊഴിലിനായി യുവതി - യുവാക്കൾക്ക് മുട്ടിലിഴയേണ്ട ഗതി വരില്ലെന്ന് കോൺഗ്രസ് ദേശിയ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ റോഡ് ഷോയ്ക്കിടെ കോന്നി മണ്ഡലത്തിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനമുണ്ടെങ്കിലും ഇന്ധനമില്ലാത്ത അവസ്ഥയിലേക്കാണ് പിണറായി വിജയൻ എത്തിയിരിക്കുന്നത്.
രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമാനമാണ്. ഇതു മറികടക്കാനാണ് കോൺഗ്രസ് ന്യായ് പദ്ധതി നടപ്പിലാക്കുന്നത്. ന്യായ് പദ്ധതിയിലൂടെ എഴുപത്തി രണ്ടായിരം രൂപ ഓരോ വർഷവും പാവപ്പെട്ട കുടുംബങ്ങളിലെത്തിക്കും. ന്യായ് പദ്ധതിയിലൂടെ ജനങ്ങൾക്ക് നൽകുന്ന പണം ഔദാര്യമല്ല മറിച്ച് അത് ജനങ്ങളുടെ അവകാശമാണെന്നും രാഹുൽ പറഞ്ഞു.
കോന്നി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11.30ന് ഹെലികോപ്‌ടറിൽ വന്നിറങ്ങിയ രാഹുലിനെ ജില്ലയിലെ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് ഷോക്ക് തുടക്കം കുറിച്ചു. പ്രമാടം സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെയും അനുഭാവികളെയും രാഹുൽ ഗാന്ധി അഭിവാദ്യം ചെയ്‌തു. ആയിരകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയെ വരവേൽക്കാൻ കോന്നിയിലേക്ക് ഒഴുകിയെത്തിയത്. പ്രവർത്തകർക്ക് നടുവിൽ തുറന്ന വാഹനത്തിലിരുന്നു രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌തത്.