പത്തനംതിട്ട: ഭക്ത ലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന ശബരിമലയെ മാലിന്യമുക്തമാക്കുന്ന പദ്ധതി 'പുണ്യം പൂങ്കാവനം' വിജയകരമായി പന്ത്രണ്ടാം വർഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയിൽ പ്രവർത്തിക്കുന്ന കേരള പൊലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകൾ കൈകോർത്തതോടെ സന്നിധാനം അക്ഷരാർത്ഥത്തിൽ പുണ്യഭൂമിയായി മാറുകയാണ്.
എല്ലാദിവസവും ഒരു മണിക്കൂർ ശുചീകരണ യജ്ഞവും തുടർന്ന് ബോധവൽക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോൾ തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവൽക്കരണം എല്ലാ സ്വാമിമാർക്കും നൽകുന്നുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയിൽ ഇക്കൊല്ലം വോളണ്ടിയർ രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തി.
ഇതിലൂടെ സേവന സന്നദ്ധത അറിയിക്കുന്നവർക്ക് ശബരിമലയെ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതിയിൽ പങ്കാളിയാകാം. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചു. കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലും വന്‍ പ്രചാരമാണ് പദ്ധതിക്ക് ലഭിക്കുന്നത്.