പത്തനംതിട്ട: കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പമ്പ ഡാമിന്‍റെ പരമാവധി ജലനിരപ്പ് 983.50 മീറ്ററായതോടെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിലെ അധിക ജലം സ്‌പില്‍വേയിലൂടെ ഒഴുക്കിവിടുന്ന നടപടിയുടെ ഭാഗമായാണ് കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ പമ്പ നദിയുടെയും കക്കാട്ടാറിന്‍റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടർ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും ജില്ല കലക്‌ടർ അറിയിച്ചു.