പത്തനംതിട്ട: തിരുവല്ലയിൽ കന്യാസ്ത്രീ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഭയ്ക്ക് പിന്തുണയറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ ഡോക്‌ടർ ജെ പ്രമീള ദേവി. കന്യാസ്ത്രീ വിദ്യാർത്ഥിനിയായ ദിവ്യയുടെ മരണം സംബന്ധിച്ച വിവരങ്ങൾ മഠത്തിൻ്റെ ചുമതലയുള്ള മദർ സുപ്പീരിയറിനോടും മറ്റ് കന്യാസ്ത്രീമാരോടും ചോദിച്ചറിഞ്ഞതായും വേദനാ ജനകമായ ഈ സംഭവത്തിൽ കന്യാസ്ത്രീകളുടെയും സഭയുടെയും ദുഖത്തിൽ താനും ബിജെപിയും പങ്കു ചേരുന്നതായും പ്രമീളാദേവി പറഞ്ഞു. കന്യാസ്ത്രീ മഠത്തിൽ നടത്തിയ സന്ദർശന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോക്‌ടർ ജെ പ്രമീള ദേവി.
മഠത്തിൻ്റെ ചുമതലയുള്ള സിസ്റ്റർ ജോർജിയയുമായി ജെ പ്രമീളാ ദേവി സംഭവം സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണറും പ്രമീളാ ദേവി സന്ദർശിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിെലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയായിരുന്നു ദിവ്യ. പൊലീസ് സർജൻ്റെ മേൽനോട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ദിവ്യയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വെള്ളിയാഴ്‌ച രാവിലെ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ഈ പരിശോധനകളുടെകൂടി റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകു എന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ബിജെപി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട, നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്യാം മണിപ്പുഴ, ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ വി അരുൺ പ്രകാശ്, കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ , ബി ജെ പി നിയോജക മണ്ഡലം ഭാരവാഹികളായ ജയൻ ജനാർദനൻ , അനീഷ് വർക്കി, അഡ്വ. കുര്യൻ ജോസഫ് എന്നിവരും പ്രമീളാ ദേവിയുടെ സന്ദർശന സംഘത്തിലുണ്ടായിരുന്നു.