പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായി കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഓർത്തഡോക്‌സ് പള്ളികൾക്ക് സമീപം പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. സംഭവത്തില്‍ അടൂർ പന്നിവിഴയിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഏബല്‍ ബാബുവിന്‍റെ കാറും ഇന്നലെ രാത്രി പൊലീസ് കസ്‌റ്റഡിയിലെടുത്തു. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കലാപാഹ്വാനത്തിന് കേസ്: കുമ്പഴ സ്വദേശി സോഹില്‍ വി.സൈമണ്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി. പത്തനംതിട്ട പൊലീസാണ് ഏബല്‍ ബാബുവിന്‍റെ കാർ കസ്‌റ്റഡിയിൽ എടുത്തത്. കാര്‍ കസ്റ്റഡിയില്‍ എടുക്കാൻ പൊലീസ് എത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാർ കസ്‌റ്റഡിയിൽ എടുക്കുന്നത് തടയാനും പ്രവർത്തകർ ശ്രമിച്ചു. ഈ വാഹനത്തിലാണ് ഇയാള്‍ പള്ളികളുടെ മുന്നില്‍ പോസ്‌റ്റര്‍ പതിക്കാന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏബല്‍ ബാബു ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനാണ്.
സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ചാണ് വീണയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം, പിണറായി വിജയന്‍ നീതി പാലിക്കണം എന്നിങ്ങനെയായിരുന്നു പോസ്‌റ്ററുകള്‍.
Also read: സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാൻ നിയമ നിർമ്മാണം : സർക്കാരിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ
പോസ്‌റ്ററുകള്‍ ഇങ്ങനെ: പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പളളികളുടെ മുന്നിലാണ് പോസ്‌റ്ററുകള്‍ പതിച്ചിരുന്നത്. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മുമ്പ് തന്നെ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ ജോര്‍ജിനെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിശ്വാസികള്‍ ഏറെയെത്തുന്ന ഓശാന ഞായറാഴ്‌ച പുലർച്ചെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വീണ ജോര്‍ജിന്‍റെ ഇടവകയായ കുമ്പഴ പള്ളി പരിസരത്തും വീണയുടെ ഭർത്താവിന്‍റെ ഇടവകയായ ചന്ദനപ്പള്ളി പള്ളി പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിച്ച് വീണ ജോര്‍ജ്: എന്നാല്‍ 'ഓര്‍ത്തഡോക്‌സ് യുവജനം' എന്നൊരു പ്രസ്ഥാനം ഇല്ല എന്നായിരുന്നു പോസ്‌റ്ററുകളോടുള്ള മന്ത്രി വീണ ജോര്‍ജിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും ജനങ്ങള്‍ക്ക് അറിയാമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ട് തന്നെ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അല്ലാതെ രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുകയല്ല വേണ്ടതെന്നും അവര്‍ കുറ്റപ്പെടുത്തി.
താന്‍ മത്സരിച്ച മുന്‍ തെരഞ്ഞെടുപ്പുകളിലും ധാരാളം വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. വീണ ജോര്‍ജിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് നേരത്തെയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read: 'സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം; പള്ളിയില്‍ പോസ്റ്ററുകള്‍