പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആബ്‌സെന്‍റീ വോട്ടേഴ്‌സിന്‍റെ പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ് റൂമില്‍ സുരക്ഷിതമായി സൂക്ഷിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേകം നിയോഗിച്ച ഉപവരണാധികാരികള്‍ (എആര്‍ഒമാര്‍) അതത് ദിവസം തന്നെ ബന്ധപ്പെട്ട വരണാധികാരികളെ ഏല്‍പ്പിക്കും. വരണാധികാരികള്‍ നിലവിലെ വിതരണ, സ്വീകരണ കേന്ദ്രത്തിനടുത്തായി പ്രത്യേകം തയാറാക്കിയ സ്ട്രോങ് റൂമിലേക്ക് അതത് ദിവസം തന്നെ ബാലറ്റുകള്‍ സുരക്ഷിതമായി മാറ്റും.
വെബ് ക്യാമറ നിരീക്ഷണവും പൊലീസ് സുരക്ഷയും പ്രത്യേകമായി സജ്ജീകരിച്ച സ്ട്രോങ് റൂമിന് ഉണ്ടായിരിക്കും. പൊലീസ് നിരീക്ഷണത്തിലാകും വരണാധികാരികള്‍ സ്ട്രോങ് റൂമിലെ ലോക്ക് ചെയ്‌ത പെട്ടിയിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നിക്ഷേപിക്കുക. 221 ടീമുകളാണ് ആബ്‌സന്‍റീ വോട്ടേഴ്‌സിന്‍റെ വോട്ട് ശേഖരിക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
പോസ്റ്റല്‍ ബാലറ്റ് വോട്ട് ശേഖരിക്കാന്‍ ഏര്‍പ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ പോസ്റ്റല്‍ വോട്ടിങ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമായി നടത്താന്‍ പൊലീസ് നിരീക്ഷണവും വീഡിയോ റെക്കോര്‍ഡിങ് സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്.