പത്തനംതിട്ട: പൂവൻപാറയിലെ ജനങ്ങൾക്കിനി കിലോമീറ്ററുകൾ നടന്ന് കുടിവെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട. പണം കൊടുത്ത് വെള്ളം വാങ്ങിക്കുകയും വേണ്ട. നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന കുടിവെള്ള പദ്ധതി യാഥാർഥ്യമായി. 47 ലക്ഷം രൂപ ചെലവിട്ട് ആറ് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്.
കൊന്നമൂട് പാറൽ ഭാഗത്ത് നിർമ്മിച്ച കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പൂവൻപാറ മുരുപ്പിൽ സ്ഥാപിച്ച ടാങ്കിൽ എത്തിച്ചാണ് ജല വിതരണം നടത്തുന്നത്. ഇതിനായി 40000 സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. ആദ്യം 30 പൊതുടാപ്പുകൾ സ്ഥാപിച്ചു. നഗരസഭയിലെ 5, 7 വാർഡുകളിൽ താമസിക്കുന്ന ജനങ്ങൾക്കാണ് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷ് നിർവഹിച്ചു.