പത്തനംതിട്ട: പൊലീസിന്‍റെ ഡ്രോൺ നിരീക്ഷണത്തിൽ വ്യാജവാറ്റ് സംഘം കുടുങ്ങി. പുളിക്കീഴ് പൊലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ പമ്പാ നദീ തീരത്ത് വ്യാജവാറ്റ് നടത്തിയിരുന്ന രണ്ടംഗ സംഘം പിടിയിലായത്. കടപ്ര ഉപദേശിക്കടവിൽ കടപ്പറമ്പിൽ വീട്ടിൽ വിനീത് ( 27 ), തകഴി ചിറയറ്റം പാക്കയിൽ വീട്ടിൽ വിനീഷ് (32) എന്നിവരാണ് പിടിയിലായത്. ഡ്രോൺ കാമറയിൽ പതിഞ്ഞ വാറ്റ് നിർമാണ കേന്ദ്രത്തിന്‍റെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ സംഘത്തെ പിടികൂടുകയായിരുന്നു.
5 ലിറ്റർ വാറ്റ് ചാരായവും 100 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ അടക്കമുള്ള വാറ്റുപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. സിഐ ടി.രാജപ്പൻ, എസ്ഐ അനിരുദ്ധൻ, സിവിൽ പൊലീസ് ഓഫീസര്‍മാരായ സുനിൽ, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ ഡ്രോൺ നിരീക്ഷണം അടക്കമുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് സിഐ അറിയിച്ചു.