പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങളാണെന്ന് തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലപ്പെട്ട ശ്രീജയുടെ ശരീരത്തില്‍ അഞ്ചോളം മുറിവുകളുണ്ടെന്നും ശ്രീജയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വേണുകുട്ടൻ നായർ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.
സംഭവം ഇങ്ങനെ: കുന്നന്താനം പാലയ്ക്കാത്തകിടി സ്വദേശി വേണുക്കുട്ടൻ നായർ (48) ആണ് ഭാര്യ കുന്നന്താനം സ്‌മിത ഭവനിൽ ശ്രീജ ജി മേനോനെ (38) കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്‌ച (26.10.2023) പുലര്‍ച്ചെയായിരുന്നു സംഭവം. വേണുക്കുട്ടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ ഭാര്യ ശ്രീജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രവാസിയായിരുന്ന വേണുക്കുട്ടൻ അടുത്തിടെയാണ് ജോലി വിട്ട് നാട്ടിലെത്തിയത്. വേണുകുട്ടനും ശ്രീജയും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ കാരണം കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. ഇവർക്ക് പതിനൊന്നു വയസുള്ള ഒരു മകളുണ്ട്. ശ്രീജയുടെ വീട്ടിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് വേണുകുട്ടനും താമസിക്കുന്നത്.
സംഭവദിവസം നടന്നത്: മകളെ കാണാൻ വേണുകുട്ടൻ വീട്ടിൽ വരാറുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെയും വേണുകുട്ടൻ വീട്ടിൽ എത്തിയിരുന്നു. വീട്ടിലേക്ക് എത്തുമ്പോൾ ഇയാളുടെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. വേണുകുട്ടൻ വീട്ടിൽ എത്തിയ ശേഷം ശ്രീജയും വേണുകുട്ടനും തമ്മിൽ ഉച്ചത്തിൽ സംസാരം ഉണ്ടായതായി നാട്ടുകാരും പറയുന്നു. ഇതിന് ശേഷം ശ്രീജ കുത്തേറ്റ നിലയിൽ വീടിന്‍റെ മുന്‍വശത്തേക്ക് ഓടി വന്നുവീഴുകയായിരുന്നു. ബഹളം കെട്ട് നാട്ടുകാർ ഓടിയെത്തി നോക്കുമ്പോഴാണ് വേണുക്കുട്ടനെയും കഴുത്ത് മുറിഞ്ഞ നിലയിൽ വീടിനുള്ളിൽ കാണുന്നത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസിന്‍റെ കണ്ടെത്തലുകള്‍: ശ്രീജയും മകളും ഇവരുടെ മാതാപിതാക്കളുമാണ് സംഭവം നടക്കുന്ന വീട്ടിൽ താമസിച്ചുവന്നിരുന്നത്. വേണുവും ശ്രീജയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. വേണു മദ്യപാനിയാണെന്നാണ് ശ്രീജയുടെയും വീട്ടുകാരുടെയും ആക്ഷേപമെന്നും മദ്യപാനം നിർത്തിയ ശേഷം ഒന്നിച്ചു താമസിക്കാം എന്ന നിലപാടിലായിരുന്നു ശ്രീജയും കുടുംബവുമെന്നും ഡിവൈഎസ്‌പി എസ് അഷാദ് പറഞ്ഞു.
ഭാര്യയും മകളും തന്‍റെ കൂടെ താമസിക്കാത്തതിന്‍റെ നിരാശയാകാം വേണുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്‌പി അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വീട്ടിലെ കത്തിയല്ലെന്ന് ശ്രീജയുടെ വീട്ടുകാരുടെ മൊഴിയുമുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കത്തി വേണു കൊണ്ടുവന്നതാണെന്നാണ് നിഗമനം.
ആദ്യം വീടിന്‍റെ അകത്തുവച്ചാണ് ഇയാള്‍ ശ്രീജയെ ആക്രമിച്ചത്. ഇവര്‍ പിന്നീട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് ചുറ്റും രക്തം വീണിട്ടുണ്ട്. സംഭവത്തിന് ശ്രീജയുടെ മാതാപിതാക്കള്‍ സാക്ഷികളാണെന്നും അക്രമത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നും മകള്‍ സുരക്ഷിതയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.