പത്തനംതിട്ട : സാമൂഹികവും സംസ്‌കാരികവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ശബ്ദമായിരുന്നു കവയിത്രി സുഗതകുമാരിയെന്ന് കൃഷി മന്ത്രി പി പ്രസാദ്. മനുഷ്യരോടൊപ്പം മരങ്ങളെയും അവര്‍ സ്‌നേഹിച്ചിരുന്നു. സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ALSO READ: ക്‌ളാസിക് സേതുമാധവൻ: മലയാള സാഹിത്യത്തെ വെള്ളിത്തിരയില്‍ പകർത്തിവെച്ച സംവിധായകന്‍
ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ സുഗതകുമാരിയുടെ നിർദേശപ്രകാരം നട്ടുവളര്‍ത്തിയ പേരാലിന്‍റെ ചുവട്ടിലാണ് അനുസ്മരണ സഭ നടന്നത്. മണ്ണും പുഴയും മലയും വയലും ആക്രമിക്കപ്പെടുമ്പോഴും പെണ്ണ് അനാഥമാക്കപ്പെടുമ്പോഴും പ്രകൃതിയുടെ സംഹാരമാണ് നടക്കുന്നതെന്ന് അറിഞ്ഞ് അവിടെയെത്തി പ്രതിരോധിക്കുക എന്നതായിരുന്നു സുഗതകുമാരിയുടെ ജീവിത സന്ദേശമെന്ന് മന്ത്രി പറഞ്ഞു.
തരിശുകിടക്കുന്ന ആറന്‍മുള പുഞ്ചയില്‍ നെല്‍കൃഷി നടത്തണമെന്ന സുഗതകുമാരിയുടെ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നും പി.പ്രസാദ് വ്യക്തമാക്കി. മുന്‍ എം.എല്‍.എ എ. പദ്മകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
കേരള ഇന്‍ഡസ്ട്രിയല്‍ എന്‍റെര്‍പ്രൈസ് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, ജില്ല പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പരിസ്ഥിതി പ്രവര്‍ത്തകന്‍ കോട്ടാങ്ങല്‍ ഗോപിനാഥന്‍ നായര്‍, മലയാളം സര്‍വകലാശാല ചരിത്ര വിഭാഗം അംഗം ഡോ. എ. മോഹനാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ സുഗതകുമാരി പങ്കെടുത്തു