പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുധീഷ്(26) നെയാണ് ജഡ്‌ജി എ സമീർ ശിക്ഷിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളുമാണ്.
ഒന്നാം പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പൊലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു രണ്ടും മൂന്നും പ്രതികൾക്ക് എതിരെ ഉള്ള കുറ്റം. കുട്ടി എൽകെജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്.
അടൂർ എസ് എച്ച് ഒ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ പിതാവിനെ ആറ് മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്‌മിത പി ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്തപക്ഷം 30 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്‌തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്‌തു.
പിഴത്തുക അതിജീവിതക്ക് നൽകണമെന്നും, കുട്ടിയുടെ പുനരധിവാസത്തിന് വേണ്ട എല്ലാ ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദേശവും വിധി ന്യായത്തിൽ പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവില്‍ പാര്‍പ്പിച്ച കേസില്‍ ഇടുക്കിയില്‍ ആറ് പേര്‍ അറസ്റ്റിലായിരുന്നു. ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാര്‍ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിന്‍ സന്തോഷ്, തട്ടിക്കൊണ്ട് പോയി ഒളിവില്‍ പാര്‍പ്പിച്ച ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്വാലില്‍ അലന്‍ മാത്യു, ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി, ഇടുക്കി ചുരുളി ആല്‍പ്പാറ സ്വദേശി കറുകയില്‍ ആരോമല്‍ ഷാജി, പളളുരുത്തി ഡോണ്‍ബോസ്‌കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിന്‍, ജസ്റ്റിന്‍റെ മകന്‍ സ്‌പിന്‍ വിന്‍ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്‌തത്.
ജൂണ്‍ 26ന് സ്‌കൂളില്‍ പോവുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ജൂണ്‍ 28ന് പരാതി നല്‍കിയെന്നും തങ്കമണി പൊലീസ് പറഞ്ഞു. പരാതിക്ക് പിന്നാലെ തങ്കമണി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ഉടന്‍ തന്നെ ജില്ല പൊലീസ് മേധാവി വിയു കുര്യാക്കോസിനെയും കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പളളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയിലെ മാളിയേക്കല്‍ ജസ്റ്റിന്‍റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച ഈ സംഘത്തോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കണ്ടെത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു..