ശബരിമല: മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പർണശാലകൾ കെട്ടി കാത്തിരിക്കുകയാണ് അയ്യപ്പൻമാർ. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഭജനയും പ്രാർഥനയുമായി പർണശാലകളിൽ കഴിയുന്നത്. മകരവിളക്ക് അടുത്തതോടെ അയപ്പന്റെ പൂങ്കാവനം ശരണം വിളികളും അയ്യപ്പ സ്‌തുതികളുമായി മുഖരിതമാണ്.
മകരവിളക്ക് ദർശനം സാധ്യമായിടത്തെല്ലാം ഭക്തരുടെ പർണശാലകൾ ഒരുങ്ങി തുടങ്ങി. വനത്തിലെ മരങ്ങളിൽ നിന്ന് ചെറു ശിഖരങ്ങൾ ശേഖരിച്ചാണ് പർണശാലകൾ നിർമിച്ചിരിക്കുന്നത്. കന്നി അയ്യപ്പൻമാർ മുതൽ ഗുരുസ്വാമിമാർ വരെ ഒരോ സംഘത്തിലുമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനത്തിൽ എല്ലാം ഭഗവാന് സമർപ്പിച്ച് കാത്തിരിക്കുകയാണ് ഭക്തർ. വിവിധ ജില്ലകളിൽ നിന്നുള്ളവരും ഇതരസംസ്ഥാനക്കാരുമായ തീർഥാടകരാണ് മകരവിളക്കിനായി ഇപ്പോൾ സന്നിധാനത്ത് എത്തിയിട്ടുള്ളത്. ബുധനാഴ്ചയാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദർശനം. അതു വരെ ഭക്തിയോടെയുള്ള തീര്‍ഥാടകരുടെ കാത്തിരിപ്പ് തുടരും.