പത്തനംതിട്ട: സെന്‍സസ് വിവര ശേഖരണം കുറ്റമറ്റ രീതിയില്‍ ഫലപ്രദമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്‌ടറും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറുമായ പി.ബി. നൂഹ്. സെന്‍സസിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ജില്ലാതല പരിശീലന പരിപാടി കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെന്‍സസിന് സാങ്കേതിക വിദ്യയുടെ സഹായം വിനിയോഗിക്കുന്നത് വിവരശേഖരണം കൃത്യമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുന്നതിന് സഹായകരമാകുമെന്നും കലക്‌ടര്‍ പറഞ്ഞു. ജില്ലയിലെ രണ്ട് ആര്‍ഡിഒമാര്‍, ഡിഎഫ്ഒമാര്‍, അഡിഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാരായ തഹസിദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെന്‍സസ് ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സെന്‍സസ് ഓപ്പറേഷന്‍ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ജോര്‍ജ് കുട്ടി പരിശീലന ക്ലാസ് നയിച്ചു. സെന്‍സസിന്‍റെ ഭാഗമായി വീടുകളില്‍ എത്തുന്ന എന്യൂമറേറ്റര്‍മാര്‍ 31 ചോദ്യങ്ങളാണ് ചോദിക്കുക. എന്യൂമറേറ്റര്‍മാര്‍ പ്രധാനമായും എല്‍പി, യുപി സ്‌കൂള്‍ അധ്യാപകരായിരിക്കും. സെന്‍സസ് സൂപ്പര്‍വൈസര്‍മാര്‍ ഹൈസ്‌കൂള്‍ അധ്യാപകരായിരിക്കും.
എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 15ന് അകം പൂര്‍ത്തിയാക്കും. മേയ് ഒന്നുമുതല്‍ 30 വരെയാണ് സെന്‍സസ് നടക്കുന്നത്. ഒരു എന്യൂമറേറ്റര്‍ക്ക് 150 മുതല്‍ 180 വീടുകള്‍ വരെയാണ് വിവരശേഖരണത്തിനായി ചുമതലപ്പെടുത്തുക. 650 മുതല്‍ 800 ജനസംഖ്യ വരുന്ന തരത്തിലാണ് എന്യൂമറേറ്റര്‍ക്കുള്ള സ്ഥലങ്ങള്‍ നിര്‍ണയിക്കുക. ആറ് എന്യൂമറേറ്റര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന കണക്കിലായിരിക്കും ചുമതല. പരിശീലന പരിപാടിക്ക് ജില്ലയുടെ ചുമതലയുള്ള സെന്‍സസ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍ നേതൃത്വം നല്‍കി.